സാമന്തയെ വളഞ്ഞ് ആൾക്കൂട്ടം; നടിയുടെ സാരിയിൽ ചവിട്ടി വീണ് യുവാവ്

ദക്ഷിണേന്ത്യൻ സിനിമയിൽ നിരവധി ആരാധകരുളള നടിയാണ് സാമന്ത. നടി ഉദ്ഘാടനത്തിനും സിനിമ പ്രാെമോഷൻസിനും എത്തുമ്പോൾ ഒഴുകിയെത്തുന്നത് നിരവധി പേരാണ്. ഇപ്പോഴിതാ കഴിഞ്ഞദിവസം സാമന്തയ്ക്ക് ഉണ്ടായ ഒരു മോശം അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഞായറാഴ്ച ഹെെദരാബാദിൽ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിനിടെയാണ് സംഭവം നടന്നത്.
ഇവിടെ ചടങ്ങ് കഴിഞ്ഞ് തിരികെ കാറിനടുത്തേക്ക് പോകുന്നതിനെ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ സാമന്ത കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഒരാൾ നടിയുടെ സാരിയിൽ ചവിട്ടി വീഴുന്നതും വീഡിയോയിൽ കാണാം. ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുമുണ്ട്. എന്നിട്ടുപോലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല. പിന്നാലെ ഒരുവിധത്തിലാണ് സാമന്ത അവിടെ നിന്ന് കാറിൽ കയറി പോകുന്നത്.
അടുത്തിടെ നടി നിധി അഗർവാളിനും ഇത്തരം ഒരു അനുഭവം ഉണ്ടായിരുന്നു. പ്രഭാസിന്റെ പുതിയ ചിത്രമായ ‘രാജാ സാബിലെ’ ‘സഹാന സഹാന’ എന്ന ഗാനത്തിന്റെ റിലീസിനെത്തിയ നിധി അഗർവാളിന് ചുറ്റും ആരാധകർ തടിച്ചുകൂടുകയും ചിലർ നടിയുടെ വസ്ത്രമടക്കം പിടിച്ചുവലിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇതുപോലെയൊരു അനുഭവം സാമന്തയ്ക്കും ഉണ്ടായത്.



