Cinema

‘എന്നോട് ശ്രീനിവാസൻ സാർ പറഞ്ഞു; ആരോടും പറയരുതെന്ന് ഭരത് ഗോപിയും മണിച്ചേട്ടനും അക്കൂട്ടത്തിൽ പെടുന്നവരാണ്’

മലയാള സിനിമാചരിത്രത്തിലെ സൗന്ദര്യ സങ്കൽപ്പങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞ നടൻ ശ്രീനിവാസൻ. സഹപ്രവർത്തകരും ആരാധകരും വിങ്ങലോടെ മാത്രമാണ് അദ്ദേഹത്തിന്റെ വിയോഗം നോക്കികണ്ടത്. നടനെന്നതിലുപരി തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും വെള്ളിത്തിരയിൽ തിളങ്ങിയ ശ്രീനിവാസന് അധികം ആരും അറിയാതെ പോയ ഒരു മുഖമുണ്ടായിരുന്നു.

തൃപ്പൂണിത്തുറയിലെ ഉൾനാടൻ ഗ്രാമമായ കണ്ടനാട്ട് ശാന്തമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഗ്രാമത്തിൽ ജൈവകൃഷി വ്യാപിപ്പിക്കാനായി ശ്രീനിവാസൻ ചെയ്ത കാര്യങ്ങൾ ഇപ്പോഴും നാട്ടുകാരും സഹപ്രവർത്തകരും ഓർത്തെടുക്കുകയാണ്. ഇപ്പോഴിതാ നടൻ മണികണ്ഠൻ ശ്രീനിവാസനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.’എനിക്കുമാത്രമല്ല എന്നെ പോലുള്ളവർക്ക് സിനിമയിലേക്കുവരാൻ പ്രചോദനമായത് ശ്രീനിവാസൻ സാറാണ്.

നടന്റെ സൗന്ദര്യം നടനത്തിലാണ് അല്ലാതെ ശരീരത്തിലല്ലയെന്ന് തെളിയിച്ച നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥ നോക്കുമ്പോൾ എറണാകുളം ടൗണിൽ തന്നെ വലിയൊരു ഫ്ളാ​റ്റൊക്കെ വാങ്ങി ജീവിക്കാവുന്നതാണ്. പക്ഷെ തൃപ്പുണിത്തുറക്കാരുപോലും തിരഞ്ഞെടുക്കാത്ത കണ്ടനാട്ടിൽ പാടങ്ങളും തരിശ് ഭൂമി വാങ്ങി പച്ച വിരിച്ചു. അതിന്റെ പ്രചോദനത്തിൽ അവിടെ പലയിടങ്ങളിലും പച്ച വിരിഞ്ഞു. ഞാൻ കണ്ടതിൽവച്ച് പൂർണത വന്നൊരു ജീവിതമായിരുന്നു ശ്രീനിവാസന്റേത്.അദ്ദേഹത്തോടൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല. ഒരു സഹായത്തിനായി ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നു.

എന്റെ കല്യാണത്തിന് അദ്ദേഹം സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് ആരോടും പറയരുതെന്നും പറഞ്ഞിരുന്നു. കൃഷിയാവശ്യങ്ങൾക്കായി എന്നെ വിളിക്കാറുണ്ടായിരുന്നു. എന്നെപ്പോലുള്ള പലരെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഭരത് ഗോപിയും മണിച്ചേട്ടനും അങ്ങനെയുള്ളവരായിരുന്നു. രജനികാന്ത് തമിഴ്നാട്ടിൽ ഒരു വിപ്ലവം സൃഷ്ടിച്ചപ്പോൾ ശ്രീനിവാസൻ കേരളത്തിലും വിപ്ലവം സൃഷ്ടിച്ചു. താരസംഘടനയായ അമ്മയിലും ഫെഫ്ക്കയിലും അദ്ദേഹത്തിന്റെ അനുസ്മരണം നടന്നിരുന്നു. അവിടെ ഞാൻ കരച്ചിലല്ല കണ്ടത്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ ചിരിയിലാണ് എപ്പോഴും അവസാനിക്കുന്നത്’- മണികണ്ഠൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button