ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ – ശ്രീനിവാസൻ കോംബോ

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ – ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്. അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഏയ് ഓട്ടോ, സന്മനസുള്ളവർക്ക് സമാധാനം, ഇവിടം സ്വർഗമാണ് ഉദയനാണ് താരം, പവിത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. ഇതെല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഇണക്കങ്ങളും പിണക്കങ്ങളും ചേർന്നതായിരുന്നു മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം.മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് ഒരിടയ്ക്ക് ശ്രീനിവാസൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ സൗഹൃദം വീണ്ടും ഊഷ്മളമായതായി ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.
ഹൃദയപൂർവം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ വിഷമമുണ്ടോ, എന്നോട് ക്ഷമിക്കണം എന്നെല്ലാം അച്ഛൻ പറഞ്ഞെന്നായിരുന്നു ധ്യാനിന്റെ വെളിപ്പെടുത്തൽ.”അതൊക്കെ വിടെടോ ശ്രീനീ” എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഈ വാക്കുകളിൽ തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാണ്. മോഹൻലാൽ സ്റ്റേജിൽവച്ച് ശ്രീനിവാസന് സ്നേഹ ചുംബനം നൽകിയതും ആ ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നു



