അവനിൽ നിന്ന് അവളിലേക്ക്… സർജറി കഴിഞ്ഞെന്ന് ജാസി

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച വിഷയമായി മാറിയൊരാളാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറുമായ ജാസിൽ ജാസി. മലപ്പുറം സ്വദേശിയായ ജാസി തന്റെ സ്വത്വം തിരിച്ചറിഞ്ഞശേഷം ഒരു സ്ത്രീയായി തന്നെയാണ് ജീവിക്കുന്നത്. എന്നാൽ നാളിതുവരെയായിട്ടും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. സർജറിയോടുള്ള ഭയം കാരണമാണ് ജാസി ഇതുവരെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാതിരുന്നത്.
എന്നാൽ അടുത്തിടെയായി നിരന്തരം വിമർശനം ഉയർന്നതിനാൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ജാസി. സർജറിക്കുശേഷം വിശ്രമിക്കുന്ന ജാസി ആശുപത്രിയിൽ നിന്നും വീഡിയോ പങ്കുവെച്ച് എത്തി. എല്ലാവർക്കും എന്റെ സ്നേഹ സലാം.
ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എന്റെ സർജറി കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തിയിരുന്നു. പരിഹസിച്ചിരുന്നു. കളിയാക്കിയിട്ടുണ്ടായിരുന്നു. ജാസി ഒരിക്കലും സർജറി ചെയ്യില്ല… ജാസി സ്ത്രീ വേഷം കെട്ടി നടക്കുകയെ ചെയ്യുകയുള്ളു എന്നൊക്കെ.

അതിനെല്ലാം മറുപടിയായി ഇതിലും വലിയൊരു തെളിവ് എനിക്ക് പറയാനില്ല. ഒരു സ്ത്രീയായി മാറിയതിൽ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ എന്നെ സ്നേഹിച്ച നിരവധി വെൽവിഷേർസുണ്ട്. എന്നെ സഹായിച്ച ഒരുപാട് നല്ല മനുഷ്യരുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് പേരുണ്ട്. അവരോടൊക്കെ ഈ അവസരത്തിൽ ഞാൻ നന്ദി പറയുകയാണ്.
ഞാൻ ഒരു സ്ത്രീയാണ് എന്നത് തെളിയിക്കാൻ ഇനി എന്റെ കയ്യിൽ ഒരു തെളിവുമില്ല. കാരണം ഞാൻ ഒരു സ്ത്രീയായി മാറി കഴിഞ്ഞു. അത്രമേൽ ഞാൻ ആഗ്രഹിച്ചൊരു കാര്യമാണ് ഒരു സ്ത്രീയായി മാറണമെന്നത്. കാരണം കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഒരു സ്ത്രീയാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നുന്ന സർജറികൾ ഞാൻ ചെയ്തു.

ഒരുപാട് സന്തോഷമുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ മനുഷ്യന്മാരോടും എന്നും എനിക്ക് സ്നേഹവും കടപ്പാടുകളുമുണ്ട്. കുറ്റപ്പെടുത്തിയവരോട് എനിക്ക് പറയാനുള്ളത്. നിങ്ങളായിരുന്നു എന്റെ ഊർജം. സ്വത്വം തിരിച്ചറിഞ്ഞ് അതിലേക്ക് മടങ്ങാനുള്ള ഊർജം നിങ്ങളായിരുന്നു. എന്തായാലും സർജറി കഴിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.
മുറിവുകളെല്ലാം ഉണങ്ങി ഞാൻ ആരോഗ്യത്തോടെ വരാൻ നിങ്ങളെല്ലാവരും ദുആ ചെയ്യണം എന്നാണ് ജാസി പറഞ്ഞത്. വീഡിയോ വൈറലായതോടെ നെഗറ്റീവും പോസിറ്റീവുമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു. ചിലർ ജാസിക്ക് പ്രാർത്ഥനകൾ നേർന്ന് എത്തിയപ്പോൾ മറ്റ് ചിലർ ജാസിയുടെ സർജറിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ പ്രകടിപ്പിച്ച് എത്തി.

ഇത്ര വലിയൊരു സർജറിക്ക് വിധേയനായ വ്യക്തിയുടെ അവശതകൾ ജാസിയിൽ കാണാനില്ലെന്നും നാട്ടുകാരെ പറ്റിക്കാനുള്ള നാടകമാണെന്നും വിശ്വസിക്കണമെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്കണമെന്നും ചിലർ കുറിച്ചു. ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി വീഡിയോ ഇട്ടാൽ പോരെ… ഇതിന്റെ സർജറി മുമ്പ് ചെയ്ത ആളുകളുടെ അവസ്ഥ ഇത്രയും ഹാപ്പി അല്ലാരുന്നു. അവർ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചവരാണ്. ഇത് വെറും ഒരു നാടകം, നീ ഇത് ആരോടാ പറയുന്നത്.
നീ നുണപറയാൻ ഡിഗ്രി എടുത്തവനാണെന്ന് ഞങ്ങൾക്ക് അറിയാം, ജാസിയോട് എന്നും ഒരു സഹജീവി സ്നേഹമുണ്ട്. പക്ഷെ കേട്ടിടത്തോളം ഈ സർജറി വളരെ വേദന നിറഞ്ഞതാണ്. പക്ഷെ ജാസിയുടെ മുഖം കണ്ടാൽ ഒരു ഇഞ്ചക്ഷൻ പോലും കിട്ടിയിട്ടില്ലാത്ത പോലെ തോന്നുന്നു എന്നിങ്ങനെയാണ് കമന്റുകൾ.



