കാന്താരയിലെ ദെെവീക രൂപത്തെ അനുകരിച്ച് രൺവീർ സിംഗ്; പിന്നാലെ രൂക്ഷ വിമർശനം

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ‘കാന്താര ചാപ്റ്റർ 1’ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ‘കാന്താര’ സിനിമയിലെ രംഗം അനുകരിച്ച ബോളിവുഡ് നടൻ രൺവീർ സിംഗിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം.’കാന്താര’ സിനിമയിലെ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ദെെവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് വിശേഷിപ്പിച്ചാണ് രൺവീർ അത് അനുകരിക്കുന്നത്.
ഇത് വലിയ വിവാദത്തിനും വിമർശനത്തിനും കാരണമായി. ദക്ഷിണേന്ത്യയിലെ തെയ്യം ആരാധനയുമായി ബന്ധപ്പെട്ട ദെെവീക ബിംബത്തെ ‘പെൺപ്രേതം’ എന്ന് പരാമർശിച്ചത് അനാദരവാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.’ഞാൻ കാന്താര സിനിമ തിയേറ്റർ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം സൂപ്പറായിരുന്നു. പ്രത്യേകിച്ച് ആ പെൺ പ്രേതം നിങ്ങളുടെ ശരീരത്തിൽ
പ്രവേശിക്കുന്ന രംഗം അതിശയകരമാണ്’ എന്ന് പറഞ്ഞശേഷം തന്റെ കണ്ണാടി ഊരി ആ രംഗം അനുകരിക്കുകയായിരുന്നു രൺവീർ. വേദിയിൽ നിന്ന് താഴെയിറങ്ങിയ രൺവീർ, ഋഷഭിനെ കണ്ടപ്പോൾ ആ രംഗം അനുകരിക്കാൻ ശ്രമിക്കുന്നതും വിനയത്തോടെ അങ്ങനെ ചെയ്യരുതെന്ന് ഋഷഭ് പറയുന്നതും വീഡിയോയിൽ ഉണ്ട്.



