ലൈറ്റ്മാൻമാർക്ക് ഉറങ്ങാൻ കിട്ടുന്ന സമയം മൂന്ന് മണിക്കൂർ’ വെളിപ്പെടുത്തലുമായി നടി കീർത്തി സുരേഷ്

സിനിമാലോകത്തെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നടി കീർത്തി സുരേഷ്. ‘റിവോൾവർ റീത്ത’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് താരം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. അടുത്തിടെയാണ് ഷൂട്ടിംഗ് സെറ്റുകളിലെ തൊഴിൽ സമയക്രമവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ദീപിക പദുകോൺ രണ്ട് വലിയ പ്രോജക്ടുകളിൽ നിന്ന് പിന്മാറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സമയക്രമം നിജപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ചർച്ചയായത്.
ഞാൻ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ചിലപ്പോൾ രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയൊക്കെ ജോലി ചെയ്തിട്ടുണ്ട്. ‘മഹാനടി’ സിനിമ ചെയ്യുന്ന സമയത്ത് അഞ്ച് സിനിമകൾ കൂടി ഞാൻ ചെയ്യുന്നുണ്ടായിരുന്നു. രാവിലെ ഒരു സിനിമയുടെ ഷൂട്ടിംഗ് ആണെങ്കിൽ വൈകുന്നേരം മറ്റൊന്നിന്റെയാകും. പല ദിവസങ്ങളിലും ഇങ്ങനെയായിരുന്നു. എന്നാലും ഒമ്പത് ടു ആറ് വരെയുള്ള ഷെഡ്യൂളുകളിലും ജോലി ചെയ്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം രണ്ട് രീതിയിലും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്’ കീർത്തി സുരേഷ് പറയുന്നു.ഒമ്പത് മണിക്ക് ഷൂട്ടിന് തയാറാകണമെങ്കിൽ 7.30ന് മേക്കപ്പിനായി എത്തണം. അതിനായി 5.30ന് എങ്കിലും എഴുന്നേൽക്കണം. 6.30ന് പാക്കപ്പ് ചെയ്ത് എഴ് മണിക്ക് പോയാലും വീട്ടിലോ ഹോട്ടലിലോ എത്തുമ്പോൾ എട്ടുമണിയെങ്കിലും ആകും. പത്തരമണിയോടെ അത്താഴം കഴിഞ്ഞ് പതിനൊന്നര മണിക്ക് ഉറങ്ങാൻ കിടന്നാലും ആറ് മണിക്കൂറിൽ താഴെ മാത്രമേ ഉറക്കം ലഭിക്കൂ.
ഇത് ഒമ്പത് മണി മുതൽ ആറ് മണി വരെയുള്ള ഷിഫ്റ്റിലെ കാര്യമാണ്’മലയാളത്തിലും ഹിന്ദിയിലുമൊക്കെ 12 മണിക്കൂർ ഷിഫ്റ്റാണ്. മലയാളം ഇൻഡസ്ട്രിയിൽ തുടർച്ചയായ ഷെഡ്യൂളുകളാണ്. ലൈറ്റ്മാൻമാർക്ക് രണ്ട് മൂന്ന് മണിക്കൂർ മാത്രമേ ഉറക്കം കിട്ടുന്നുള്ളൂ. അത് കൊണ്ട് ഉറക്കക്കുറവ് വലിയൊരു പ്രശ്നമാണ്. എന്റെ ആരോഗ്യം പരിഗണിച്ച് ഒരാൾ ഒരു ദിവസം എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നതിൽ കാര്യമുണ്ട്. അങ്ങനെയൊരു ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആവശ്യം വരുന്നതെന്ന് കുരുതുന്നു’.- കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.



