‘അന്ന് മണി കരഞ്ഞു, ഇപ്പോൾ ദുൽഖറും, പക്ഷെ കാരണം രണ്ടാണ്’; വെളിപ്പെടുത്തി സംവിധായകൻ

മലയാളത്തിന് ഇന്നും മറക്കാൻ കഴിയാത്ത ഒരുപിടി സിനിമകൾ സമ്മാനിച്ച നടനാണ് കലാഭവൻമണി. നടനെന്നതിലപ്പുറം പിന്നണിഗായകനായും നാടൻപാട്ട് കലാകാരനായും ജീവകാരുണ്യ പ്രവർത്തകനായും കലാഭവൻമണി ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. അഭിനയസങ്കൽപ്പത്തിന് പുതിയ രൂപം സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ കലാഭവൻമണിയെക്കുറിച്ചും പാൻ ഇന്ത്യൻ നടൻമാരെന്ന ഖ്യാതി നേടിയെടുത്ത മലയാളി നടൻമാരുടെ മനോഭാവത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.
ചോക്ലേറ്റ് നായകൻമാർ സ്വന്തമാക്കി വച്ചിരുന്നു നായകസങ്കൽപ്പം തകർത്തെറിഞ്ഞ നടനാണ് കലാഭവൻ മണി. ദാരിദ്ര്യത്തിൽ നിന്നും കടന്നുവന്ന കലാഭവൻമണി പല ഭാഷകളിലും മുൻനിരനടൻമാരെ വെല്ലുന്നതരത്തിലുള്ള അഭിനയമാണ് കാഴ്ചവച്ചത്. അതേസമയം, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ നടൻമാരുടെ സിനിമയിലേക്കുള്ള കടന്നുവരവ് എളുപ്പമായിരുന്നു.
ഇവർക്കുപിന്നിൽ സിനിമാപാരമ്പര്യവും പിന്തുണയും ആരാധകരും പണവുമുണ്ടായിരുന്നു.കലാഭവൻമണി എപ്പോഴും തന്റെ ജന്മനാടിനൊപ്പവും അവിടെയുള്ള ആളുകളുമായി ചേർന്ന് നിന്ന മനുഷ്യനാണ്. ചാലക്കുടിപ്പുഴ സംരക്ഷിക്കാനുളള പ്രതിഷേധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. താൻ പഠിച്ച സ്‌കൂൾ പുതുക്കി പണിയാനുള്ള പണവും മണി സംഭാവനയായി നൽകിയിരുന്നു. തന്റെ സമ്പത്തിന്റെ ഒരുഭാഗം പാവങ്ങളുടെ വിശപ്പകറ്റാൻ ഉപയോഗിച്ചു. അവരുടെ കണ്ണീര് കണ്ടതാണ് കലാഭവൻമണി.
അടുത്തിടെ ദുൽഖർ സൽമാൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, കുട്ടികളുടെ അനിമേഷൻ സിനിമയായ ലയൺ കിംഗിലെ കഥാപാത്രമായ മുഫാസ മരിക്കുന്നതുകണ്ട് താൻ കരഞ്ഞുപോയെന്ന്. എന്നാൽ കലാഭവൻമണി ഒരുകാലത്ത് കരഞ്ഞത് വിശപ്പ് കാരണമാണ്. ഇവിടെ ദുൽഖറിന്റെയും മണിയുടെയും ജീവിതസാഹചര്യങ്ങൾ രണ്ടാണ്. പാൻ ഇന്ത്യൻ നായകൻമാരായ ദുൽഖർ സൽമാനും ഫഹദ്ഫാസിലുംഇത്തരത്തിലുള്ളജീവകാരുണ്യപ്രവർത്തനങ്ങളിലേർപ്പെടുകയാണെങ്കിൽ പുതിയ തലമുറയ്ക്ക് പ്രചോദനമാകുമായിരുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു.



