ജീവിതം ഓക്കേ അല്ലെങ്കിൽ വിവാഹബന്ധം ഉപേക്ഷിക്കൂ, കജോളിനോട് ആരാധകർ

വിവാഹ ബന്ധത്തിന് ഒരു കാലാവധി ആവശ്യമാണെന്ന് ബോളിവുഡ് താരം കജോൾ. ‘ടു മച്ച് വിത്ത് കജോൾ ആന്റ് ട്വിങ്കിൾ’ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹത്തിന് കാലാവധിയും അത് പുതുക്കാനുള്ള ഓപ്ഷനും ഉണ്ടാകണമെന്നാണ് താരം പറയുന്നത്. ഈ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.വിക്കി കൗശലും കൃതി സനോനും അതിഥികളായെത്തിയ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘ശരിയായ വ്യക്തിയെയാണ് വിവാഹം കഴിക്കുന്നത് എങ്ങനെ ഉറപ്പിക്കാനാകും.
എക്സ്പയറി ഡേറ്റ് ഉണ്ടെങ്കിൽ നമുക്ക് അധികം കഷ്ടപെടേണ്ടി വരില്ല അതുപോലെ പുതുക്കാനുള്ള ഓപ്ഷനും ആവശ്യമാണ്’ കജോൾ പറഞ്ഞു. എന്നാൽ കജോളിന്റെ അഭിപ്രായത്തെ ട്വിങ്കിൾ ശക്തമായി എതിർത്തു. ഇത് വിവാഹമാണ് അല്ലാതെ വാഷിംഗ് മെഷീൻ അല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.താരത്തിന്റെ ദാമ്പത്യ ജീവിതം അത്ര രസത്തിൽ അല്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉള്ളവർ പറയുന്നത്.
ജീവിതം ഓക്കേ അല്ലെങ്കിൽ ഡിവോഴ്സ് നേടൂ എന്നും കമന്റുകളിലുണ്ട്. എന്നാൽ കജോളിന്റെ കാഴ്ചപ്പാട് വളരെ ശരിയാണെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത്. വിവാഹബന്ധങ്ങളിൽ ഒരു സമയ പരിധിയുണ്ടാകുമെന്നും പുതിയ തിരഞ്ഞെടുപ്പുകൾ അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകും. ഇതിനെ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ പങ്കാളികൾക്കു കഴിഞ്ഞില്ലെങ്കിൽ പുതിയ തിരഞ്ഞെടുപ്പുകളാണ് നല്ലതെന്നും വിദഗ്ധർ വിലയിരുത്തുന്നു.



