Cinema

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് ‘കാന്ത’ സിനിമയ്‌ക്കെതിരെയും നിർമ്മാതാവ് ദുൽഖർ സൽമാനെതിരെയും മദ്രാസ് ഹൈക്കോടതി നോട്ടീസ്. ത്യാഗരാജഭാഗവതരുടെ കുടുംബമാണ് ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നും, ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം 18-ന് കേസ് വീണ്ടും പരിഗണിക്കും. നവംബർ 14 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button