‘ഒരു നിർമാതാവ് എത്രകാലം ഇതെല്ലാം സഹിക്കണം’; ഷറഫുദ്ദീനോട് ‘ചൂടാകുന്ന’ വിനായകൻ

നിർമാതാവും നടനുമായ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്ന നടൻ വിനായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷറഫുദ്ദീൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഒരു പ്രൊഡ്യൂസർ എത്രകാലം ഇത് സഹിക്കണം’, എന്ന അടിക്കുറിപ്പും വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.
ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവാനിനുള്ളിൽ നിന്ന് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഷറഫുദ്ദീൻ വിനായകനെ സമാധാനിപ്പിക്കുന്നുണ്ട്. ഒടുവിൽ ഷറഫുദ്ദീൻ കാരവാന്റെ വാതിൽ അടച്ച് നെടുവീർപ്പിടുന്നതോടെ വീഡിയോയുടെ ആദ്യഭാഗം അവസാനിക്കുന്നു. ‘ഒരു മണിക്കൂർ കഴിഞ്ഞ്’, എന്ന് വീഡിയോയിൽ എഴുതിക്കാണിക്കുന്നു. പിന്നീടാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.
‘പെറ്റ് ഡിറ്റക്‌ടീവ്’ സിനിമയിൽ കഥാപാത്രമായ യാഖത് അലിയുടെ വേഷത്തിൽ വിനായകൻ നിൽക്കുന്നതാണ് അടുത്ത സീൻ. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട ക്ലൈമാക്‌സ് രംഗത്തിന്റെ ഒരംശമാണ് വീഡിയിയോൽ കാണിക്കുന്നത്. റോളർകോസ്റ്ററിൽ കയറി ബോധമില്ലാതെ നടക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷറഫുദ്ദീൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.



