‘ഷാരൂഖാനോട് ക്രഷായിരുന്നു, ആ കണ്ണുകൾക്ക് നമ്മളിലേക്ക് തുളച്ചുകയറാനുള്ള കഴിവുണ്ട്’- പ്രിയങ്ക ചോപ്ര

ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയുടെയും ഷാരൂഖ് ഖാന്റെയും സൗഹൃദം പലപ്പോഴും ആരാധകരെയും മാദ്ധ്യമങ്ങളെയും ഒരുപോലെ ശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്. ഷാരൂഖിനെ ഏറ്റവും പ്രിയപ്പെട്ടയാളെന്ന് വിശേഷിപ്പിച്ചാണ് പ്രിയങ്ക പലപ്പോഴും താരത്തോടുള്ള തന്റെ ആരാധന തുറന്നു കാട്ടുന്നത്. ഇപ്പോഴിതാ ഷാരൂഖിന്റെ മുൻ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
സ്പൈ-ത്രില്ലർ പരമ്പരയായ ‘സിറ്റഡെൽ’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ പഴയ പ്രസ്താവനയെക്കുറിച്ച് പ്രിയങ്കയ്ക്ക് ചോദ്യങ്ങൾ ഉയർന്നത്. ‘ഞാൻ എന്തിനാണ് ഹോളിവുഡിലേക്ക് പോകുന്നത്? ഇവിടെ ഇന്ത്യയിൽ കംഫർട്ടബിളാണ്,’ എന്നായിരുന്നു ഷാരൂഖിന്റെ ആ മുൻ പരാമർശം.എന്നാൽ കംഫർട്ടബിൾ ആയിരിക്കുന്നത് തനിക്ക് ബോറാണെന്നായിരുന്നു പ്രിയങ്കയുടെ ശാന്തവും ശക്തവുമായ മറുപടി.
താൻ അഹങ്കാരി അല്ലെന്നും മറിച്ച് ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും അവർ വ്യക്തമാക്കി. ഓഡിഷനുകളിൽ പങ്കെടുക്കാൻ തനിക്ക് മടിയില്ലെന്നും, ഒരു രാജ്യത്തിൽ നിന്ന് കിട്ടിയ വിജയ ഭാരം മറ്റൊരു രാജ്യത്ത് ചുമക്കുന്നതിൽ താൽപര്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.’അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ‘സൂരജ് ഹുവാ മദ്ധം’ എന്ന പാട്ടിൽ കുർത്ത ധരിച്ചെത്തിയ അദ്ദേഹത്തെ കാണാൻ ഭയങ്കര സെക്സിയാണ്.
കണ്ണുകളാണ് ഏറ്റവും ആകർഷണീയം. ആ കണ്ണുകൾക്ക് നമ്മളിലേക്ക് തുളച്ചുകയറാൻ സാധിക്കും. എനിക്ക് അദ്ദേഹത്തോട് ക്രഷ് ഉണ്ടായിരുന്നു. അത് പ്രണയമോ കല്യാണം കഴിക്കുക എന്ന തരത്തിലുള്ളതല്ല. മറിച്ച് ആരാധനയാണ്. ആ മനുഷ്യന്റെ എല്ലാ കാര്യങ്ങളും എനിക്കിഷ്ടമാണ്. അദ്ദേഹത്തിന് ഒരു കാര്യത്തിലും തെറ്റുപറ്റാറില്ല’.- മുമ്പ് സിനി ബ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു.
അതേസമയം ‘ഡോൺ’ സിനിമയുടെ പ്രൊമോഷന്റെ സമയത്ത് ഇരുവരും തമ്മിലുണ്ടായ രസകരമായ സംഭാഷണങ്ങളെക്കുറിച്ചും പ്രിയങ്ക ഓർമ്മിച്ചു. ഡോണിൽ പ്രിയങ്കയെ കാട്ടുപൂച്ചയെന്ന് (ജംഗ്ലീ ബില്ലി) വിളിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത് ഇങ്ങനെയാണ്: ‘അവൾ എനിക്ക് ഇണങ്ങിയ എലിയാണ്.’ ഉടൻ തന്നെ പ്രിയങ്ക മറുപടി നൽകി: ‘ഞാൻ എലിയല്ല, ഇണങ്ങിയതുമല്ല. എന്നെ താരതമ്യം ചെയ്യണമെങ്കിൽ അതിലും ഭംഗിയുള്ള മൃഗത്തെ നിങ്ങൾ കണ്ടെത്തണം.
എന്നാൽ ഷാരൂഖ് ഉടൻ തന്നെ അത് തിരുത്തി തമാശയായി പറഞ്ഞത് തനിക്ക് അതിയായ വാത്സല്യമുള്ള ഇണങ്ങിയ മുയലാണ് പ്രിയങ്ക എന്നായിരുന്നു. അവരുടെ കഴിവിനോട് ആത്മാർത്ഥമായ സ്നേഹവും ബഹുമാനവുമുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. ‘ഡോൺ 2’ ന്റെ ചിത്രീകരണ വേളയിൽ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങൾ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.



