നടൻ അജ്മൽ അമീറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി നർവിനി ഡെറി

ചെന്നൈ: നടൻ അജ്മൽ അമീറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി നർവിനി ഡെറി രംഗത്ത്. 2018ൽ ഓഡിഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി നടൻ മോശമായി പെരുമാറിയെന്നാണ് നർവിനിയുടെ വെളിപ്പെടുത്തൽ. ‘സിനംകോൽ’, ‘ഉയിർവരൈ ഇണിതായ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നർവിനി.
തമിഴ് യൂട്യൂബ് ചാനലായ ട്രെൻഡ് ടോക്സിക്കിന് നൽകിയ അഭിമുഖത്തിലാണ് നർവിനി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ചെന്നൈയിലെ മാളിൽ വച്ചാണ് നർവിനി അജ്മലിനെ പരിചയപ്പെടുന്നത്. തന്റെ അടുത്ത സിനിമയിലേക്ക് നായികയെ അന്വേഷിക്കുകയാണെന്ന് പറഞ്ഞ് അജ്മൽ നർവിനിയുമായി കോൺടാക്റ്റ് വിവരങ്ങൾ കൈമാറി.
പിന്നീട്, ഡെൻമാർക്കിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്ന നർവിനിയെ അജ്മൽ ഓഡിഷനായി ക്ഷണിച്ചു. എന്നാൽ, ഓഡിഷൻ സ്ഥലം അധികം അറിയപ്പെടാത്ത ഒരു ഹോട്ടലിൽ വച്ചായിരുന്നു. അവിടെ എത്തിയപ്പോൾ ടീം അംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. ‘അവർ പുറത്തുപോയിരിക്കുകയാണ്, അകത്തേക്ക് വരൂ’ എന്ന് അജ്മൽ നിർബന്ധിച്ചതോടെ തനിക്ക് എന്തോ പന്തികേടുള്ളതായി തോന്നിയെന്ന് നർവിനി പറയുന്നു.
ഹോട്ടൽ മുറിക്കുള്ളിൽ വച്ച് അജ്മൽ പാട്ട് വയ്ക്കുകയും തന്റെ കൈകളിൽ കടന്ന് പിടിച്ച് ഡാൻസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് നർവിനി വെളിപ്പെടുത്തി. താൻ എത്ര സുന്ദരനാണെന്ന് അറിയാമോ? തന്നെ എത്ര പെൺകുട്ടികളാണ് തേടി നടക്കുന്നതെന്നും അജ്മൽ പറഞ്ഞുവെന്നും നടി വ്യക്തമാക്കി.നർവിനി വഴങ്ങാതിരുന്നപ്പോൾ നടൻ തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചു. എന്നാൽ, അപ്രതീക്ഷിതമായി അജ്മലിന് ഒരു ഫോൺ കോൾ വരികയും റൂം ബോയ് വാതിലിൽ മുട്ടുകയും ചെയ്തതോടെ ആ നിമിഷം ഭാഗ്യം കൊണ്ട് താൻ രക്ഷപ്പെട്ടെന്നും നർവിനി വ്യക്തമാക്കി.
സംഭവത്തിന് ശേഷവും അജ്മൽ തനിക്ക് സന്ദേശങ്ങൾ അയക്കുകയും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി നടി കൂട്ടിച്ചേർത്തു. അന്ന് പഠനത്തെയും ഭാവി കരിയറിനെയും ബാധിക്കുമോ എന്ന ഭയം കാരണമാണ് പൊലീസിൽ പരാതി നൽകാൻ തയ്യാറാകാതിരുന്നതെന്നും നർവിനി പറഞ്ഞു. നടിയുടെ ആരോപണങ്ങളോട് നടൻ അജ്മൽ അമീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.



