Cinema

“മമ്മൂക്ക പറയുന്നപോലെ രാകി രാകിയാണ് ബെറ്റർ ആവുന്നത്, എന്നാൽ അവസരങ്ങള്‍ കിട്ടാറില്ല”: റിമ കല്ലിങ്കൽ

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റിമയുടെ പുതിയ ചിത്രം ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമകളിലെ അവസരങ്ങളെ കുറിച്ചും ഓഡീഷനെ കുറിച്ചും സംസാരിക്കുകയാണ് റിമ കല്ലിങ്കൽ.

മമ്മൂട്ടി പറയുന്ന പോലെ എല്ലാ തവണയും തേച്ചുമിനുക്കി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും, എന്നാൽ അതിനനുസരിച്ച് അവസരങ്ങൾ കിട്ടുന്നില്ലെന്നും റിമ കല്ലിങ്കൽ പറയുന്നു. “ഓരോ തവണയും പഴയതിനെക്കാള്‍ ഇംപ്രൂവ് ചെയ്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ട്. മമ്മൂക്ക പറയുന്നപോലെ എല്ലാ തവണയും തേച്ച് മിനുക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ അതിനനുസരിച്ച് അവസരങ്ങള്‍ കിട്ടാറില്ല. മമ്മൂക്കക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല.

അദ്ദേഹത്തിന് ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്തത് കിട്ടുന്നു. പിന്നെ സ്വന്തം പെര്‍ഫോമന്‍സ് നല്ലതാക്കാനും അതിനെ വിലയിരുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഓഡിഷനുകളാണ്. ഇപ്പോഴും ഓഡിഷനുണ്ടെന്ന് കേട്ടാല്‍ ഞാന്‍ പോകും. ഞാന്‍ സീനിയര്‍ നടിയായി, ഇനി ഓഡിഷനൊന്നും പോകേണ്ട ആവശ്യമില്ല എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല. കാരണം, പുതിയ ആളുകളില്‍ നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓഡിഷനുകള്‍.” ഫിൽമിഹുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രം സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ കൈയ്യടി നേടുന്നുണ്ട്.ഒരു സർപ്പക്കാവിനോട് ചുറ്റിപറ്റി വികസിക്കുന്ന കഥ വിശ്വാസം, അവിശ്വാസം, സമകാലിക കേരളത്തിന്റെ മനുഷ്യ മനസ്സുകൾ, സോഷ്യൽ മീഡിയയുടെ സാദ്ധ്യതകൾ എന്നിങ്ങനെ എല്ലാ വിഷയങ്ങളെയും പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്.

ചിത്രത്തിലെ പ്രധാന ആകർഷകം റിമ കല്ലിങ്കൽ ചെയ്ത മീര എന്ന കഥാപാത്രത്തിന്റെ അഭിനയം തന്നെയാണ്. ഗംഭീരമായ വിധത്തിലാണ് റിമ കല്ലിങ്ങൽ മീരയായി വേഷപകർച്ച നൽകിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മിത്തുകളെ യോജിപ്പിച്ച് യാഥാര്‍ഥ്യത്തിലേക്കും സഞ്ചരിക്കുന്നു ചിത്രം കൂടുതൽ പ്രേക്ഷക – നിരൂപക പ്രശംസ നേടും എന്ന് തന്നെയാണ് സിനിമ കണ്ടവരുടെ അഭിപ്രായം. റിമയോടൊപ്പം ഡെയ്ന്‍ ഡേവിസും ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button