എന്താ മോനെ ദിനേശാ’; മോഹൻലാൽ സ്റ്റെെലിൽ ഋഷഭ് ഷെട്ടി

നടൻ മോഹൻലാലിന്റെ സ്റ്റെെലിൽ അനുകരിച്ച് ഞെട്ടിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. അമിതാഭ് ബച്ചൻ അവതാരകനായ ഹിന്ദി ടിവി ഷോ ‘കോൻ ബനേഗാ ക്രോർപതി’ എന്ന പരിപാടിയിലാണ് ഋഷഭ് ആരാധകരെ ഞെട്ടിച്ചത്. മോഹൻലാൽ സ്‌റ്റെെലിൽ മുണ്ട് മടക്കിക്കുത്തി മോഹൻലാലിന്റെ ഒരു ഡയലോഗും ഋഷഭ് അനുകരിക്കുന്നു. പരിപാടിയുടെ പ്രൊമോ വീഡിയോയാണ് വെെറലാകുന്നത്. കറുപ്പ് ഷർട്ടും കസവ് മുണ്ടുമായിരുന്നു ഋഷഭിന്റെ വേഷം.
‘കാന്താര: എ ലെജൻഡ് ചാപ്ടർ 1’ ഹിന്ദിയിലടക്കം തരംഗമാകുന്നതിനിടെയാണ് ഋഷഭ് ‘കോൻ ബനേഗാ ക്രോർപതി’ പരിപാടിയിൽ അതിഥിയായി എത്തിയത്. മോഹൻലാലിന്റെ ഐക്കോണിക് ഡയലോഗായ ‘പോ മോനെ ദിനേശാ’ എന്ന ഡയലോഗിൽ ചെറിയ മാറ്റത്തോടെ ‘എന്താ മോനെ ദിനേശാ’ എന്നാണ് ഋഷഭ് പറയുന്നത്. പിന്നാലെ ‘സബാഷ്’ എന്ന് പറഞ്ഞ് അമിതാഭ് ബച്ചൻ കെെയടിക്കുന്നു. വീഡിയോ വെെറലായതിന് പിന്നാലെ കമന്റുമായി മോഹൻലാൽ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായ കാന്താര: എ ലെജൻഡ് ചാപ്ടർ 1 വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ 655 കോടി കടന്ന ചിത്രത്തിന്റെ സക്സ്സ് ട്രെയിലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒരു മിനിറ്റ് 17 സെക്കന്റ് ദൈർഘ്യമുള്ള സക്സസ് ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ലക്ഷ്യമാക്കി മുന്നേറുകയാണ്കാന്താര ചാപ്ചർ 1’. നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര ചാപ്ടർ 1ന്റെ കഥ നടക്കുന്നത്.ഋഷഭ് ഷെട്ടി ‘ബെർമേ’ എന്ന കഥാപാത്രമായി എത്തുമ്പോൾ, രുക്മിണി വസന്ത് ‘കനകവതി’യായി, ഗുല്ഷൻ ദേവയ്യ ‘കുളശേഖര’യായി തിളങ്ങുന്നു. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ശക്തമായ സഹനടന്മാരുടെ സംഘവും കരുത്തേകുന്നു.ക്യാമറയ്‌ക്ക് പിന്നിൽ വിസ്മയങ്ങൾ സൃഷ്ടിച്ചത് അരവിന്ദ് എസ് കശ്യപ് ആണ്.