Cinema

‘നീ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും’; കലാതിലകം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞ നവ്യയെ തേടിയെത്തിയ കത്ത്

കലോത്സവ വേദിയിലൂടെയാണ് നവ്യ നായര്‍ സിനിമയിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ ഇഷ്ടം ആയിരുന്നു ആദ്യ സിനിമ. പതിയെ മലയാളത്തിലെ മുന്‍നിര നടിയായി മാറിയ നവ്യയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം എത്തുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ് നവ്യ നായര്‍.

കലാതിലക പട്ടം നഷ്ടമായി കലോത്സവ വേദിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്ന നവ്യാ നായരെ മലയാളി ഇന്നും മറന്നിട്ടില്ല. അന്നത്തെ ആ സ്‌കൂള്‍ കുട്ടി പിന്നീട് വലിയൊരു താരമായി മാറുമെന്ന് ആരും ഓര്‍ത്തുകാണില്ല. എന്നാല്‍ അന്നേ നവ്യ മലയാളത്തിലെ മുന്‍നിര നായികയാകുമെന്ന് ഒരാള്‍ പ്രവചിച്ചു.

കലാതിലകം കിട്ടാതെ വന്നതോടെ പൊട്ടിക്കരഞ്ഞ തന്റെ ചിത്രം കണ്ട് ഒരാള്‍ തനിക്ക് അയച്ച കത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍. പുതിയ സിനിമയായ പാതിരാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മറക്കാനാകാത്ത ആ കത്തിനെക്കുറിച്ച് നവ്യ നായര്‍ മനസ് തുറന്നത്.

‘കലാതിലകം കിട്ടാതെ ഞാന്‍ വിഷമിച്ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ സമയത്ത് ഒരു അങ്കിള്‍ എനിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു. പോസ്റ്റ് കാര്‍ഡ് ആയതിനാല്‍ നാല് വരിയേ എഴുതാന്‍ പറ്റുള്ളൂ. അതിലെഴുതി അയച്ചിരുന്നു. മോളുടെ കരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രം കണ്ടിരുന്നു. മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മയ്ക്കുമൊപ്പം കസരേ വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിന് ഒരു നടിയായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇതൊന്നും അറിയാതെ ഒരു മനുഷ്യന്‍, വെറുതെ ഒരു ഫോട്ടോ കണ്ടിട്ട് എഴുതിയതാണ്. കണിയാര്‍കോട് ശിവശങ്കരന്‍ എന്നാണ് പേര്. അത് സത്യമായി വന്നില്ലേ. മഞ്ജു ചേച്ചിയ്ക്കൊപ്പം ഇരിക്കാനുള്ള ആളായി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്” നവ്യ പറയുന്നു.

പാതിരാത്രിയാണ് നവ്യയുടെ ഏറ്റവും പുതിയ സിനിമ. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. സൗബിന്‍ ഷാഹറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ തുടങ്ങിയവരും അഭിനയിക്കുന്ന സിനിമയുടെ സംഗീതം ജേക്ക്സ് ബിജോയ് ആണ്. നവ്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് പാതിരാത്രി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button