500 കോടി പിന്നിട്ട് ‘കാന്താര’; കെജിഎഫ് 2വിനുശേഷം ആ റെക്കോർഡ്

ബോക്സ്ഓഫിസിൽ 500 കോടി പിന്നിട്ട് കന്നഡ ചിത്രം ‘കാന്താര:ചാപ്റ്റർ വൺ’. സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് ആഗോള കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം, യാഷിന്റെ ‘കെജിഎഫ്: ചാപ്റ്റര്‍ 2’-ന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ നേടുന്ന രണ്ടാമത്തെ കന്നഡ സിനിമയാണ്.
കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 35 കോടിക്കടുത്ത് കേരളത്തിൽ നിന്നു മാത്രം ലഭിച്ചു കഴിഞ്ഞു. ആറ് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യയില്‍ എട്ട് ദിവസം കൊണ്ട് ഏകദേശം 334.94 കോടി രൂപ നെറ്റ് കലക്‌ഷൻ നേടിയിരുന്നു. ഏകദേശം 125 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രം ആയിരം കോടി ക്ലബ്ബിലെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
തുടക്കം മുതൽ ഒടുക്കം വരെ ഒരുപോലെ മികച്ച് നിൽക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയായി പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. ഋഷഭ് ഷെട്ടിയുടെ പ്രകടനത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണവും വലിയ പ്രശംസകളാണ് നേടുന്നത്.
അവസാന 10 മിനിറ്റ് സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു എന്നാണ് പ്രേക്ഷകപക്ഷം. ചിത്രത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നത് ക്ലൈമാക്സ് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്സ് ആണെന്ന് പ്രേക്ഷകർ പറയുന്നു. ‘ശുദ്ധമായ സിനിമ- ദിവ്യമായ ദൃശ്യങ്ങൾ, യഥാർഥ വികാരങ്ങൾ, രോമാഞ്ചം നൽകുന്ന ക്ലൈമാക്സ്.
കാന്താര ഒരു മാജിക്കായിരുന്നെങ്കിൽ ഇത് ആത്മാവിനെ തന്നെ ഉലയ്ക്കുന്നതാണ്’ – എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചിരിക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാന്താര’യുടെ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ നാലിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ.ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ