‘വിവാഹത്തലേന്ന് എനിക്ക് വന്ന ആ കോൾ’ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,അത് മഞ്ജു ചേച്ചിയായിരുന്നു

ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും വിവാഹിതരായത് കഴിഞ്ഞ മാസമാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും വിവാഹത്തിന്റെ വീഡിയോയും വിശേഷങ്ങളും ആര്യ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ആരാധകരുടെ ചോദ്യങ്ങൾ ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകിയിരുന്നു.
ഇതിലെ ചില മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കല്യാണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഫോൺ കോളോ, ആശംസകളോ വന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ആര്യയുടെ മറുപടി. അത്തരമൊരു കോൾ വന്നുവെന്നും നടി മഞ്ജു വാര്യരാണ് വിളിച്ചതെന്നും ആര്യ പറഞ്ഞു.’വിവാഹത്തിന്റെ തലേന്ന് മഞ്ജു ചേച്ചി വിളിച്ചിരുന്നു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾക്ക് ആശംസകളും അറിയിച്ചു’- ആര്യ പറഞ്ഞു.
അത് ഒട്ടും പ്രതീക്ഷിക്കാത്ത കോളായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. താലികെട്ടിന്റെ സമയത്ത് താൻ ധരിച്ച സാരിയുടെ വില 190000 രൂപയാണെന്നും ആര്യ വെളിപ്പെടുത്തി. സ്വന്തം ബ്രാൻഡായ കാഞ്ചീവരത്തിന്റെ പ്രീമിയം കളക്ഷനിലുള്ള സാരിയാണ് അതെന്നും താരം വ്യക്തമാക്കി.ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും ഓഗസ്റ്റ് 20നാണ് വിവാഹിതരായത്. കഴിഞ്ഞ മേയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അന്ന് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.