Cinema

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കുതിപ്പ് നടത്തിയ ചിത്രമാണ്; ലോക

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കുതിപ്പ് നടത്തിയ ചിത്രമാണ് ലോക. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് ചിത്രത്തിന് വലിയ പ്രീ റിലീസ് പബ്ലിസിറ്റി അണിയറക്കാര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ചിത്രം കളം മാറ്റിമറിച്ചു. മസ്റ്റ് വാച്ച് എന്നും മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ ഇതുവരെ കാണാത്ത അനുഭവമെന്നുമൊക്കെ ആദ്യം കണ്ട പ്രേക്ഷകര്‍ അഭിപ്രായം പറഞ്ഞതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി. അത് മൂന്നാം വാരത്തിലും തുടരുകയാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷനില്‍ മലയാള സിനിമയിലെ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ലോക. മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്നാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് ലോക എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രത്തെ ലോക അതിന് മുന്‍പ് മറികടന്നിരുന്നു. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 247 കോടിയാണ്. 18 ദിവസത്തെ നേട്ടമാണ് ഇതെന്ന് ഓര്‍ക്കണം. മൂന്നാം വാരാന്ത്യത്തിലും തിയറ്ററുകളില്‍ ചിത്രത്തിന് വന്‍ ഒക്കുപ്പന്‍സിയാണ് ലഭിച്ചത്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഉള്‍പ്പെട്ട തുടരും 234 കോടിയും മഞ്ഞുമ്മല്‍ ബോയ്സ് 242 കോടിയുമാണ് നേടിയിരുന്നത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറാന്‍ ലോകയ്ക്ക് ഇനി വേണ്ടത് 18 കോടിയാണ്. എമ്പുരാനെ മറികടക്കാനാണ് അത്. 265 കോടിയാണ് എമ്പുരാന്‍റെ ലൈഫ് ടൈം ഗ്രോസ്. ഇന്നത്തെ കളക്ഷനോടെ ചിത്രം എമ്പുരാന് ശേഷം 250 കോടി ക്ലബ്ബില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാവും.

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെ്തിരിക്കുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button