ശസ്ത്രക്രിയയിലൂടെ ഭാരം കുറയ്ക്കാൻ നോക്കി’: മഞ്ജിമ മോഹൻ

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളി ചിത്രമായ ‘ഒരു വടക്കൻ സെൽഫി’യിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നാലെ, തമിഴിലും സജീവമായി. പലപ്പോഴും മഞ്ജിമ സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിനിങ്ങിന് ഇരയായിട്ടുണ്ട്. നടിയുടെ വിവാഹദിവസം പോലും രൂക്ഷമായ ബോഡിഷെയ്മിങ്ങാണ് നടി നേരിട്ടത്. ഇപ്പോഴിതാ, ബോഡി ഷെയ്മിങ്ങ് തന്നെ മാനസികമായി ഒരുപാട് ബാധിച്ചെന്ന് പറയുകയാണ് മഞ്ജിമ മോഹൻ.
ബോഡി ഷെയ്മിങ്ങിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ താൻ കരയുകയും തളരുകയും ആധി പിടിക്കുകയുമെല്ലാം ചെയ്യുമായിരുന്നുവെന്ന് മഞ്ജിമ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലാക്കിയാൽ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കാൻ സാധിക്കൂ. സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു. ഇനി അടുത്ത എന്താണെന്നാണ് ചിന്തിക്കേണ്ടത്. നമ്മൾ മാനസികമായി പ്രയാസത്തിലിരിക്കുന്ന സമയത്ത് ജോലി സംബന്ധമായ കാര്യങ്ങൾ ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. തലച്ചോറല്ല മറിച്ച് ഹൃദയമാണ് അവിടെ തീരുമാനം എടുക്കുക. ഇപ്പോൾ പ്രശ്നങ്ങളെ അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ജോലിക്കപ്പുറം തനിക്ക് മറ്റ് ലക്ഷ്യങ്ങൾ ഒന്നുമില്ലെന്നും മഞ്ജിമ പറയുന്നു.
പിസിഒഡി ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് ശരീരഭാരം കൂടിയതെന്നും മഞ്ജിമ പറയുന്നു. എന്നാൽ, പിസിഒഡി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നു. എല്ലാവരും എന്റെ ശരീരത്തെ വലിയ പ്രശ്നമായാണ് കണ്ടിരുന്നത്. എന്നാൽ, ആരോഗ്യമാണ് പ്രധാനം. ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്നറിയാൻ ഡോക്ടറെ വരെ സമീപിച്ചിരുന്നുവെന്നും മഞ്ജിമ മോഹൻ പറയുന്നു.
നിലവിൽ മെഡിറ്റേഷനും സംഗീതവും ആത്മീയതുമെല്ലാമായി മുന്നോട്ട് പോകുന്നു. വിഷമഘട്ടങ്ങളിൽ താൻ ഭർത്താവിനോട് (ഗൗതം കാർത്തിക്) സംസാരിക്കുമെന്നും നടി പറഞ്ഞു. കൂടാതെ, പൂച്ചകളോട് താൻ സംസാരിക്കാറുണ്ടെന്നും അവ തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും താൻ പറയുന്നത് കേട്ടിരിക്കാറുണ്ടെന്നും മഞ്ജിമ മോഹൻ കൂട്ടിച്ചേർത്തു.