ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ആദ്യ ടീസർ എത്തി

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ആദ്യ ടീസർ എത്തി. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’.
തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം വൈകാരികവും മനോഹരവുമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു.
ഛായാഗ്രഹണം ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം ഝാനു ചന്റർ, എഡിറ്റർ ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം രാമലിംഗം, വസ്ത്രാലങ്കാരം പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ ശബരി. സെപ്റ്റംബർ 12നാണ് റിലീസ്.