സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു

കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നൽകിയത്. ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിവിനെ കൂടാതെ സംവിധായകൻ എബ്രിഡ് ഷൈനിനെതിരെയും കേസെടുത്തിട്ടുണ്ട്.
കോട്ടയം തലയോലപ്പറമ്പ് പൊലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ കലാശിച്ചിരിക്കുന്നത്.’മഹാവീര്യർ’ എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം.
കൂടാതെ നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു2 എന്ന പുതിയ ചിത്രത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു കോടി 90 ലക്ഷം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ ഘട്ടത്തിൽ മറ്റൊരു സ്ഥാപനത്തിന് ചിത്രത്തിന്റെ വിതരണാവകാശമടക്കം നൽകിയെന്നും അങ്ങനെയാണ് ഒരു കോടി 90 ലക്ഷം രൂപ നഷ്ടമായതെന്നും പരാതിയിൽ പറയുന്നു.
വൈക്കം കോടതിയിലാണ് അദ്ദേഹം പരാതിയുമായെത്തിയത്. കോടതിയുടെ നിർദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസെടുത്തത്. നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. വിശ്വാസ വഞ്ചനാക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. നിവിൻ പോളിയോ എബ്രിഡ് ഷൈനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.