കുടുംബത്തെ ചീത്ത പറയുന്നവർ മകൻ റിഥപ്പന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? രേണു സുധി

കുടുംബത്തെയും ചീത്ത പറയുന്നവർ മകൻ റിഥപ്പന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് രേണു സുധി. അഞ്ചുവയസ്സുള്ള കുട്ടിയെ നോക്കാൻ വേണ്ടിയാണ് തന്റെ കുടുംബം സുധിയുടെ കുട്ടികൾക്കു കിട്ടിയ വീട്ടിൽ വന്നു താമസിക്കുന്നതെന്ന് രേണു പറയുന്നു. സുധിയുടെ മൂത്ത മകനെപ്പോലെ തന്നെ അവകാശമുള്ള കുട്ടിയാണ് റിഥപ്പനെന്നും തന്നെയും പപ്പയെയും കുറ്റം പറയുന്നവർ റിഥപ്പന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാകണം എന്നും രേണു സുധി പറഞ്ഞു.
വീടിനു സംഭവിച്ച കേടുപാടുകൾ ചൂണ്ടിക്കാട്ടിയുള്ള തന്റെ പുതിയ വ്ലോഗിലാണ് രേണു സുധി ഇക്കാര്യങ്ങൾ പറയുന്നത്. രേണു സുധിയുടെ സഹോദരി രമ്യയും വിഡിയോയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തങ്ങൾ രേണുവിന്റെ വീട്ടിൽ അല്ല താമസമെന്നും താനും ഭർത്താവും ജോലിക്ക് പോകുമ്പോൾ കുട്ടികൾ ആ വീട്ടിലാണ് നിൽക്കുന്നതെന്നും രമ്യ പറയുന്നു.
“ഹലോ നമസ്കാരം, ഞാൻ രേണുസുധി ആണ്. ഞാൻ ഇപ്പോൾ നിൽക്കുന്നത് സുധീലയത്തിന്റെ മുന്നിലാണ്. നമ്മുടെ വീടിനെ ചുറ്റിപ്പറ്റി ഒരുപാട് വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഞാൻ നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ വന്നത് ഞാൻ കള്ളം പറയുന്നു എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ്. വീടിന്റെ കാര്യം കൃത്യമായി പപ്പയ്ക്കാണ് അറിയുന്നത്. പപ്പ അത് കാണിച്ചു തരും. ഞാൻ ഷൂട്ടിന് പോകാൻ ഞാൻ റെഡി ആയിട്ട് നിൽക്കുകയാണ്. പപ്പ ബാക്കി കാണിച്ചു തരും.” രേണു പറഞ്ഞു തുടങ്ങുന്നു.
“ഈ ഭിത്തി ഒന്ന് നോക്കൂ. ഈ നനയുന്ന വശം മുഴുവൻ തേപ്പും പെയിന്റും പോവുകയാണ്. ഞാൻ തൊട്ട് കാണിക്കാം. വെറുതെ കൈ കൊണ്ട് പിടിച്ചാൽ തന്നെ തേപ്പ് മുഴുവൻ ഇളകി പോവുകയാണ്. ഞങ്ങൾക്കോ എന്റെ പിള്ളേർക്കോ ഇത് പറഞ്ഞ് വിഡിയോ ഇടേണ്ട കാര്യമില്ല. ദാനമായി തന്ന ആളിനെ ഞങ്ങൾ ദൈവത്തെ പോലെ ആണ് കണ്ടിരുന്നത്. പക്ഷേ ഞങ്ങളെ മാത്രം തെറിയും ചീത്തയും വിളിക്കുകയും കുറെ യൂട്യൂബർമാരുടെ കൂടെ നിന്ന് രേണു പറഞ്ഞത് കള്ളമാണ് വീട് ചോരുന്നില്ല എന്നൊക്കെ പറയുമ്പോൾ ഇത് പറയാതിരിക്കാൻ കഴിയില്ല.
പുള്ളി ഇത് വന്നു കണ്ടിട്ട് പറയട്ടെ. വീടിന്റെ ഈ സൈഡ് മുഴുവൻ ഇളകി ഇരിക്കുകയാണ്. വീടിന്റെ പിൻവശത്ത് മുഴുവൻ തേപ്പ് പോവുകയാണ്. ഈ മതിൽ ആരോ സ്പോൺസർ ചെയ്തതാണ്. ഈ മതില് മുഴുവൻ മറിഞ്ഞു നിൽക്കുകയാണ്. ഞങ്ങൾക്ക് ഇവിടെ ഒരു ചെടി പോലും വയ്ക്കാൻ പറ്റത്തില്ല. വച്ചു കഴിഞ്ഞാൽ മറിഞ്ഞു താഴെ പോകും. മതിൽ പൊളിഞ്ഞു വീണാൽ കെട്ടാൻ പോലും ഞങ്ങൾക്കു നിവർത്തിയില്ല. നേരെ മതിൽ കെട്ടിയെങ്കിൽ മതിൽ പോകില്ലല്ലോ. ഇനി ചോർച്ചയുടെ കാര്യം അത് രേണു പറഞ്ഞ ഭാഗം ഞാൻ കാണിക്കാം.
മുകളിൽ കൂര പോലെ പണിതിരിക്കുന്നത്തിൽ കൂടി എറിച്ചിൽ അകത്തോട്ട് അടിക്കും. അത് പോട്ടെ ഞങ്ങൾ പ്ലാസ്റ്റിക്ക് വച്ച് ഒട്ടിച്ചോളാം, അത് അവരെ കുറ്റം പറയുന്നില്ല. പക്ഷേ ഈ ഓട് ഇട്ടിരിക്കുന്നത് മുകളിൽ ഒരു വീതി താഴെ വീതി കുറവ്, അപ്പോൾ ഓട് ഇടയ്ക്ക് പൊങ്ങി താഴ്ന്നു നിൽക്കും ,കാറ്റടിക്കുമ്പോൾ ഓട് പൊങ്ങി നിൽക്കുന്നത് കൊണ്ട് അതിനകത്തുകൂടി മുറിയിൽ വെള്ളം വീഴും.
ഇതാണ് ഞങ്ങൾ നനയുന്നു എന്ന് പറയുന്നത് അല്ലാതെ വാർക്ക നനയുന്നതിന്റെ കാര്യമല്ല. വാർക്ക ഒരിടത്ത് ലീക്ക് ഉണ്ട്. നല്ല മഴ വരുമ്പോൾ ബീമിന്റെ അടി തൊട്ട് ലീക്ക് വരും. വീടിന്റെ അടിത്തറ കെട്ടിയതും ഭിത്തിയും കോൺക്രീറ്റും നല്ല പണി ആണ്. എനിക്ക് പണി അറിയാവുന്നതുകൊണ്ട് കണ്ടാൽ അറിയാം. തേപ്പ് നന്നായി ചെയ്തു വച്ചെങ്കിലും ഈ കുഴപ്പം വരില്ലായിരുന്നു. പൈസ മുടക്കിയവർ ആരെങ്കിലും ഉണ്ടെങ്കിൽ വന്നു നോക്കിയാൽ ഞാനും എന്റെ മക്കളും പറയുന്നത് സത്യമാണെന്നു മനസിലാക്കാം.