താരങ്ങളെ പിന്തുടരുന്ന യുട്യൂബർമാർക്ക്, സാബുമോൻ കൊടുത്തത് എട്ടിന്റെ പണി

ചടങ്ങുകളിലും മറ്റു പൊതുസ്ഥലങ്ങളിലും എത്തുന്ന സിനിമാതാരങ്ങളെ പിന്തുടർന്ന് വിഡിയോ പകർത്തി ദ്വയാർത്ഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുട്യൂബർമാർക്ക് പണി കൊടുത്ത് നടൻ സാബുമോൻ അബ്‌ദുസമദ്. തന്റെ വിഡിയോ പകർത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് പങ്കു വച്ചാണ് സാബുമോൻ ‘പകരം വീട്ടിയത്’.
സാബുമോൻ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ സംഘത്തിലെ ചിലർ മുഖം പൊത്തി മാറുകയും ചിലർ മാസ്ക് ധരിച്ച് ഇരുട്ടിലേക്ക് മാറുകയും ചെയ്തു. ‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്’ എന്നായിരുന്നു മൊബൈൽ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വിഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘
നിങ്ങൾ പാപ്പരാസികൾ അല്ലേ… അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്നായിരുന്നു സാബുവിന്റെ പ്രതികരണം. മാസ്ക് ധരിച്ചും മുഖം മറച്ചും ചിലർ സാബുമോന്റെ ക്യാമറയിൽ നിന്ന് ഓടിമറഞ്ഞു. സാബുവിന്റെ ക്യാമറ ഒഴിവാക്കി നടന്നു പോയ ഒരാളെ പിന്തുടർന്ന് ചില ചോദ്യങ്ങളും സാബുമോൻ ഉന്നയിക്കുന്നുണ്ടായിരുന്നു.
വിഡിയോ എടുക്കുന്ന ആളുകളിൽ ഒരാളോട് ഒരു യുട്യൂബ് ചാനലിൽ നിന്നല്ലേ എന്ന് സാബുമോൻ ചോദിച്ചപ്പോൾ അത് കാണാറുണ്ടോ എന്നാണ് അയാൾ തിരിച്ചു ചോദിച്ചത്. പെണ്ണുങ്ങളുടെ വിഡിയോ വേറെ ആംഗിളിൽ എടുക്കുന്നത് കാണാറുണ്ട് എന്നും എന്റെ ലോ ആംഗിൾ വിഡിയോ എടുത്തോളൂ എന്നും സാബുമോൻ പറഞ്ഞു. ചിത്രികരിച്ച വിഡിയോ സാബുമോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കയ്യിൽ ഫോണുമായി എവിടെയും ചെന്ന് അവയവങ്ങളും ചലനങ്ങളും പകർത്തി കഴുകന്മാർക്ക് ഇട്ടുകൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ ഇവരാണ് എന്ന കുറിപ്പോടെയാണ് സാബുമോൻ വിഡിയോ പങ്കുവച്ചത്.