ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള 29 താരങ്ങള്‍ക്കെതിരെ കേസ്

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെതിരെയും കേസ് എടുത്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്. രണ്ട് ടെലിവിഷന്‍ അവതാരകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കെതിരെ വൈകാതെ സമന്‍സ് അയക്കുമെന്ന് ഇഡി അറിയിച്ചു.
29 സിനിമാതാരങ്ങൾ, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇഡി അന്വേഷണങ്ങൾ നടത്തിവരികയാണ്. ഈ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.
ജംഗ്ലീ റമ്മിയുടെ പ്രമോഷനുമായി റാണ ദഗ്ഗുബാട്ടിയും പ്രകാശ് രാജും, A23 യ്ക്കൊപ്പം വിജയ് ദേവരകൊണ്ട, യോലോ 247-ക്കൊപ്പം മഞ്ചു ലക്ഷ്മി, ഫെയർപ്ലേ എന്ന ബെറ്റിങ് ആപ്പിനൊപ്പം പ്രണീത, ജീത് വിൻ എന്നിവരോടൊപ്പം നടി നിധി അഗർവാളും സഹകരിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഓൺലൈൻ പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ അഭിനേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുൻസേർസും ഈ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിച്ചതായും, ഉപയോക്താക്കളെ നിയമവിരുദ്ധ ചൂതാട്ടത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങൾ ഉണ്ട്.
അതേസമയം, സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് വിജയ് ദേവരകൊണ്ടയെന്ന് നടന്റെ ലീഗൽ ടീം പ്രസ് റിലീസിലൂടെ പ്രതികരിച്ചു. സ്കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ പറയുന്നു.
റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കി. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്ഫോമുകള് അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തിയതെന്നും അവ നിയമപരമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
2016-ല്‍ താന്‍ ജംഗിള്‍ റമ്മിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് നടന് പ്രകാശ് രാജ് വ്യക്തമാക്കി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുശേഷം ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്ഫോമിനെയും താന്‍ പ്രമോട്ട്ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.