ഉർവശിയെക്കുറിച്ച് ചോദിച്ചപ്പോൾ പൊതുവേദിയിൽ വിങ്ങിപ്പൊട്ടി മനോജ് കെ. ജയൻ

മുൻഭാര്യയായ ഉർവശിയെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതനായി നടൻ മനോജ് കെ ജയൻ. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടൻ കണ്ണു നിറഞ്ഞ് തന്റെ മുൻജീവിതപങ്കാളിയെക്കുറിച്ചു സംസാരിച്ചത്. ഉർവശിയെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കെ നടന്റെ കണ്ഠമിടറി, കണ്ണുനിറഞ്ഞ് വാക്കുകൾ മുറിഞ്ഞു. അടുത്തിരുന്ന മകൾ കുഞ്ഞാറ്റയാണ് അച്ഛനെ കൈപിടിച്ച് ആശ്വസിപ്പിച്ചത്. മകളുടെ സിനിമാ മോഹം അറിയിച്ചപ്പോൾ അമ്മ ഉർവശിയെ അറിയിക്കണമെന്നാണ് ആദ്യം പറഞ്ഞതെന്നും ഇത്തരം കാര്യങ്ങളിൽ താൻ അൽപം ഇമോഷണൽ ആണെന്നും മനോജ് കെ ജയൻ പറഞ്ഞു.
‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. അവളുടെ ഏഴാമത്തെ വയസിൽ എന്റെ കുഞ്ഞിനെയും കൂട്ടി ചെന്നൈയിൽ നിന്ന് വരുമ്പോൾ ഇങ്ങനെയൊരു കാര്യം ഞാൻ മനസിൽ ആലോചിച്ചിരുന്നില്ല. അവളെ പഠിപ്പിച്ച്, നല്ലൊരു ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയക്കണമെന്നായിരുന്നു മനസിൽ. എന്റെ കരിയറിൽ ഗ്യാപ് വന്നതിനൊക്കെ കാരണം ഞാൻ എന്റെ മകളെ അതുപോലെ സ്നേഹിച്ച് നോക്കിയത് കൊണ്ടാണ്. എന്റെ ഇഷ്ടത്തിന് ഞാൻ അവളെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവളുടെ ആഗ്രഹത്തിന് ബാംഗ്ലൂർ വിട്ട് പഠിപ്പിച്ചു. പിന്നീട് അവിടെത്തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അവൾ അവിടെ കുറച്ചു കാലം പല കമ്പനികളിലായി ജോലി ചെയ്തു.
രണ്ട് വർഷം മുമ്പാണ് അവൾ എന്നോട് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഭാര്യ ആശയോടാണ് അവൾ ആദ്യം പറഞ്ഞത്. ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്. എന്റെ ആഗ്രഹങ്ങൾ എന്തു തന്നെയായാലും മകൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. അവൾ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോൾ അമ്മ ഉർവശിയെ ആദ്യം അറിയിക്കണമെന്നാണ് താൻ പറഞ്ഞത്. അതിന് ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവർ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്സറ്റൈൽ നടിയാണ്. അവൾ ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉർവശി അത് സമ്മതിച്ചത്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്സുമാണ് പിന്നീടുള്ള കാര്യങ്ങൾ ചെയ്തത്. മകൾക്ക് അഭിനയിക്കാൻ നല്ലൊരു സിനിമയുണ്ടെന്നും കഥ കേൾക്കണമെന്നും സേതു പറഞ്ഞു. ഉർവശിയാണ് ആദ്യം കഥ കേൾക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അവരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിർന്ന അഭിനേത്രി. അവർ കേട്ടതിന് ശേഷം ഞാൻ പറഞ്ഞു. അവർ കഥ കേട്ടു, വളരെ തൃപ്തിയായി. മകൾക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാൻ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി.’ – മനോജ് കെ ജയന്റെ വാക്കുകൾ.