ജഗതി ചേട്ടൻ അന്ന് അത് ചെയ്തില്ലായിരുന്നു വെങ്കിൽ ഒരുപക്ഷേ ഞാൻ

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച് ഇന്ന് ചലച്ചിത്ര ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ആളായി മാറിയ നടനാണ് നന്ദു. കമലദളം പോലുള്ള ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നന്ദുവിന്റെ കരിയറിൽ വഴിത്തിരിവായത് രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ വേഷമാണ്. സംവിധായകൻ പ്രിയദർശന്റെ പല സിനിമകളിലും നന്ദു വേഷമിട്ടിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാനിലും’ നന്ദു ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെയും ജഗതി ശ്രീകുമാറിനെയും കുറിച്ച് അടുത്തിടെ നന്ദു പറഞ്ഞകര്യങ്ങളാണ് ചർച്ചയാകുന്നത്. മോഹൻലാലിന്റെ ഏറെ ഹിറ്റായ കിലുക്കം സിനിമയിലെ ഒരു ഭാഗത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട്. കിലുക്കം സിനിമയിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്ന സമയം. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളിലാണ്. പ്രിയൻ ചേട്ടനും ക്യാമറ സംഘത്തിനുമൊപ്പം ഞാനും ഉണ്ട്. ട്രെയിൻ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നതും ഞങ്ങൾ ഒരു അലർച്ച കേട്ടു. ‘ലാലേ കുനിഞ്ഞോ’ എന്ന് ജഗതി ചേട്ടൻ ഉറച്ച് വിളിച്ചുപറയുകയാണ്.
അടുത്ത നിമിഷം ഞങ്ങൾ കാണുന്നത് ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിൽ കമിഴ്ന്ന് കിടക്കുന്നതാണ്. പാളത്തിന് കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു. ഇക്കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതി ചേട്ടൻ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തത് കൊണ്ട് മാത്രം ഇപ്പോഴും ലാലേട്ടൻ നമുക്കിടയിലുണ്ട്’- നന്ദു വ്യക്തമാക്കി.