
വാഹനാകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് സുരേഷ് ഗോപി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെ കണ്ടത്. പിതാവിന്റെ മരണത്തിലുള്ള ദുഃഖം പങ്കുവച്ച താരം ഷൈനിന്റെ ചികിത്സാ വിവരങ്ങളും തിരക്കി. പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്കു ശേഷമാകും ഷൈനിന്റെ സർജറിയെന്നും സഹോദരിമാർ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സന്ദർശനത്തിനു ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ: “പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ചെറിയ പരുക്കുകളേ ഉള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ചടങ്ങുകൾക്കു ശേഷമായിരിക്കും ഷൈനിന്റെ സർജറി. എന്താണ് സംഭവിച്ചതെന്ന് അവർ പറഞ്ഞത് ഒരു ലോറി ആ സ്പോട്ടിൽ ഇടിച്ച് സ്റ്റീയറിങ് ലോക്ക് ആയി ഇവരുടെ വണ്ടിയുടെ പുറകു വശത്ത് ഇടിച്ചു എന്നാണ്. മുൻപിൽ ഇരുന്ന രണ്ടു പേർക്കും പരിക്കില്ല. പുറകിൽ ഇരുന്ന മൂന്നുേപർക്കാണ് പരിക്കുള്ളത്. രാത്രി ഷൈനിന്റെ ചേച്ചിമാരെത്തും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകും സംസ്കാരം.”
വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരണമടഞ്ഞത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു.